സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ സീനിയർ വിദ്യാർഥിക്ക് നൂറ് രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ.മഹാരാഷ്ട്രയിലെ പുണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇക്കാര്യം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിന് പ്രധാനാധ്യാപകനും രണ്ട് അധ്യാപർക്കും എതിരെ പൊലീസ് കേസെടുത്തു.
ഞെട്ടിപ്പിക്കുന്നതാണ് പുണെ ദൗണ്ഡിലെ ഒരു സ്‌കൂളിൽ നിന്നും പുറത്തുവരുന്ന ക്വട്ടേഷന്റെ വിവരം. ഏഴാം ക്ലാസുകാരനായ വിദ്യാർഥി അവൻ്റെ റിപ്പോർട്ട് കാർഡിൽ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്ന് സഹപാഠിയായ വിദ്യാർഥിനി കണ്ടെത്തുന്നു. ഇത് പെൺകുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് ക്വട്ടേഷൻ. ഇതേ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് 100 രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തണം എന്നായിരുന്നു ആവശ്യം.എന്നാൽ ഇക്കാര്യം ഒൻപതാം ക്ലാസുകാരൻ വേഗം തന്നെ സ്ക്‌കൂൾ അധികൃതരെ അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് സംഭവം നടക്കുന്നത്. പലതവണ മാതാപിതാക്കളുടെ പരാതി അവഗണിച്ച പൊലീസ് രണ്ടുദിവസം മുൻപാണ് കേസെടുക്കാൻ തയാറായത്. വിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിന് ജുവനൈൽ ജസ്റ്ററ്റിസ് ആക്ട് പ്രകാരം ഹെഡ് മാസ്‌റ്റർക്കും രണ്ട് അധ്യാപകർക്കും എതിരെയാണ് കേസ്. എന്നാൽ ഏഴാം ക്ലാസുകാരനെതിരെ കേസെടുത്തിട്ടില്ല. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് എതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം ക്രിമിനൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന വാദമാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്
