കൊല്‍ക്കത്ത: ബലാല്‍സംഗ, കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപരാജിത സ്ത്രീ ശിശു ബില്‍ 2024 ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ 31കാരിയായ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎന്‍എസ് എസ്) 2023, പോക്‌സോ നിയമം എന്നിവ ഉള്‍പ്പെടെയുള്ള നിലവിലുള്ള നിയമനിര്‍മാണങ്ങളില്‍ ഭേദഗതി വരുത്താനാണ് ബില്ല് ലക്ഷ്യമിടുന്നത്. ബലാല്‍സംഗക്കേസുകളുടെ അന്വോഷണം 21 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ബില്ലിലെ നിര്‍ദേശം. ബലാല്‍സംഗക്കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിന് കര്‍ശനമായ ശിക്ഷകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ഇത്തരം കേസുകളില്‍ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ആര്‍ക്കും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

