മാനന്തവാടി: ബസ് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം മലപ്പുറം പൊന്നാനി സ്വദേശിയായ ഫൈസൽ (49) ആണ് തിരുനെല്ലി പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്ന ബസ്സിൽ കഴിഞ്ഞ് ദിവസമായിരുന്നു സംഭവം.
തിരുനെല്ലി പൊലീസ് സ്റ്റേഷനിലെത്തി യുവതിയും ബസ് ജീവനക്കാരും പരാതി നൽകുകയായിരുന്നു. യാത്രയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീര ഭാഗത്ത് തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത ഫൈസൽ കയറി പിടിച്ചതായാണ് പരാതി. ആദ്യം താക്കീത് നൽകിയെങ്കിലും തുടർന്നും ഇയാൾ സമാന രീതിയിൽ പെരുമാറിയതോടെ യുവതി ബസ് ജീവനക്കാരെ വിവരം ധരിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
