പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ പിരിച്ചെന്ന പരാതിയിൽ സീഡ് സൊസൈറ്റിക്കെതിരെ വീണ്ടും കേസെടുത്തു

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ പിരിച്ചെന്ന പരാതിയിൽ സീഡ് സൊസൈറ്റിക്കെതിരെ വീണ്ടും കേസെടുത്തു. കണ്ണൂർ ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതിൽ, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകാമെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്. പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന വാഗ്ദാനത്തിൽ ആളുകളിൽ നിന്നും പലപ്പോഴായി പണം പിരിച്ചെടുക്കുകയായിരുന്നു.

2023 ലാണ് സീഡ് സൊസൈറ്റി രൂപീകരിച്ചത്.13 അംഗ പ്രമോട്ടർ വഴിയാണ് വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടന്നത്. കേന്ദ്ര സർക്കാർ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുണ്ടെന്നും പറഞ്ഞ് സൊസൈറ്റി ഉടമസ്ഥൻ അനന്തുകൃഷ്ണൻ ആളുകളുടെ വിശ്വാസം കയ്യിലെടുത്തു. മൂവാറ്റുപുഴയിൽ നടന്ന സമാന തട്ടിപ്പിൽ സൊസൈറ്റി ഉടമസ്ഥൻ അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെയാണ് ജില്ലയിലടക്കം പലരും തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തുന്നത്.

കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ശ്രീകണ്ഠാപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായെത്തിയത്. പുതിയ കേസിൽ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃത്യമായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രതിഷേധം നടത്താനാണ് പരാതിക്കാരുടെ തീരുമാനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: