കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയെ കോടതി ശിക്ഷിച്ചു. പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജുവനൈല്‍ ആക്ട് പ്രകാരം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.
കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 5-നാണ് രേഷ്മ നവജാത ശിശുവിനെ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാതെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ തടസമാണെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയും സഹോദരിപുത്രിയുമാണെന്ന് കണ്ടെത്തി. ഇരുവരും ആറ്റിൽ ചാടി ജീവനൊടുക്കുകയും ചെയ്തു.

