പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം കഠിന തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലേപ്പുള്ളി ആലമ്പളളം കറുപ്പത്ത് വീട്ടിൽ കിഷോറിനെയാണ് (33) ശിക്ഷിച്ചത്. പാലക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്‍ജി രുഖ്‍മ എസ് രാജിന്റേതാണ് ശിക്ഷാ വിധി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭിന്നശേഷിക്കാരിയായ സ്ത്രീയെ വീട്ടിനുള്ളിൽ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 2015 ജൂലൈ 13ന് രാവിലെ 11.30ന് ആയിരുന്നു സംഭവം. അന്നത്തെ മലമ്പുഴ സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷൻ രജിസ്റ്റർ ചെയ്ത കേസിലെ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്ന കെ.സി വിനുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി മുൻ ഗവൺമെന്റ് പ്ലീഡർ ആര്‍. ആനന്ദ് കോടയില്‍ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ സമർപ്പിക്കുകയും ചെയ്തു. മലമ്പുഴ പോലീസ് സ്റ്റേഷൻ സിപിഒ ലിന്റോയാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.
