Headlines

പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 6 കോടി രൂപ ആവശ്യപ്പെട്ടു; ഗത്യന്തരമില്ലാതെ മണിക്കൂറുകൾക്കകം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ നൽകി വിട്ടയച്ചു


ബംഗളൂരു: പ്രഭാത സവാരിക്കിടെ ഡോക്ടറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 6 കോടി രൂപ ആവശ്യപ്പെട്ടു. കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. സുനിലിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ, മറ്റ് വഴിയൊന്നുമില്ലാതെ മണിക്കൂറുകൾക്കു ശേഷം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നൽകി ഡോക്ടറെ വിട്ടയക്കേണ്ടി വന്നു.

പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ കാറിലെത്തിയ സംഘം ബലമായി വാഹനത്തിൽ കയറ്റി അമിതവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാൽ ഗുപ്തയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടു. പ്രാദേശിക മദ്യവിൽപ്പനക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റായ ഗുപ്തയോട് മോചനദ്രവ്യമായി ആറു കോടി രൂപ നൽകണമെന്നും തുകയുടെ പകുതി സ്വർണമായി വേണമെന്നും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

ഗുപ്ത ഉടൻ അധികൃതരെ അറിയിച്ചു. ജില്ലക്ക് പുറത്തേക്കുള്ള പ്രധാന കവാടങ്ങൾ തടഞ്ഞ് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. ഇതെത്തുടർന്ന് തട്ടിക്കൊണ്ടുപോയവർ രാത്രി 8 മണിയോടെ ഡോക്ടറെ മടക്കയാത്രക്കുള്ള 300 രൂപ നൽകി വിട്ടയക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോവലിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: