പൂട്ട് തുറക്കൽ വിദഗ്ധനായ യജമാനനു പണികൊടുത്തു   വളർത്തു നായ, കാർ തുറക്കാനാകാതെ നിന്ന ഉടമസ്ഥനു രക്ഷകനായതും വളർത്തുനായ

നാട്ടിലെ പൂട്ട് തുറക്കൽ വിദഗ്ധനായ വ്യക്തിയെ കാറിന് പുറത്താക്കി കാർ ലോക്ക് ചെയ്ത് വളർത്തു നായ. പൂട്ട് തുറക്കാൻ ആവശ്യമുള്ളവർ സാധാരണ വിളിക്കാറുള്ളത് പീറ്റർ മാക്കൻ എന്ന ഈ 31 കാരനെയാണ്. അത്തരത്തിൽ പൂട്ട് തുറക്കാനുള്ള ഒരു യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ വളർത്തുനായ തന്നെ പീറ്ററിന് പണികൊടുത്തത്. അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയതും വാഹനത്തിനുള്ളിൽ ഇരുന്ന വളർത്തു നായ്ക്കളിലൊന്ന് സെൻട്രൽ ലോക്കിംഗ് ബട്ടണിൽ അമർത്തി കാർ ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട്, ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം നായ്ക്കൾ തന്നെ ഡോറ് തുറന്നു കൊടുത്തപ്പോഴാണ് ഇദ്ദേഹത്തിന് അകത്ത് കയറാനായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.


യുകെയിലെ നോർഫോക്കിലെ ഡെറെഹാമിൽ താമസിക്കുന്ന 31 കാരനായ പീറ്റർ മാക്കൻ, തന്‍റെ സഹായം തേടിയ ഒരു ഉപഭോക്താവിന്‍റെ അടുത്തേക്ക് പോകുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങൾ നേരിട്ടത്. യാത്രക്കിടയിൽ ടയറുകളിൽ വായു നിറയ്ക്കാൻ ഒരു സർവീസ് സ്റ്റേഷനിൽ പീറ്റർ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം വാഹനത്തിന് ഉള്ളിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ബെല്ലാ എന്നും വിന്നീ എന്നു പേരുള്ള രണ്ട് വളർത്ത് നായ്ക്കളിലെ ഫ്രഞ്ച് ബുൾഡോഗ് കാറിന്‍റെ സെൻട്രൽ ലോക്ക് ബട്ടൺ അമർത്തി. ഇതോടെ കാർ ലോക്ക് ആയി. പീറ്റർ പുറത്തും നായ്ക്കൾ കാറിന് അകത്തുമായി.

ഇതിന് പിന്നാലെ നായ്ക്കളും പീറ്ററും ഒരു പോലെ അസ്വസ്ഥരായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പൂട്ട് തുറക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും നായ്ക്കൾ തന്നെ കാര്യങ്ങൾ ഏറ്റെടുത്തു. അബദ്ധത്തിൽ വീണ്ടും നായ്ക്കളുടെ കാല് ലോക്ക് ബട്ടണിൽ തട്ടി, പിന്നാലെ കാറിന്‍റെ ലോക് മാറി ഡോർ തുറന്നു.

സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വാർത്തയായതോടെ നിരവധി പേരാണ് പീറ്ററെ പരിഹസിച്ചും അദ്ദേഹത്തിന്‍റെ നായകളെ അഭിനന്ദിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. ഇനി പൂട്ട് തുറക്കാൻ ആവശ്യമുള്ളവർ പീറ്ററെ അല്ല അദ്ദേഹത്തിന്‍റെ നായ്ക്കളെ സമീപിക്കണമെന്നായിരുന്നു ചിലരുടെ തമാശ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: