തിരുവനന്തപുരം: നഗരത്തില്‍ കിള്ളിപ്പാലത്ത് ആക്രിക്കടയില്‍ വൻ തീപിടിത്തം. ആക്രിക്കടയില്‍ പഴയ ന്യൂസ്‌പേപ്പറുകളും ആക്രി അവശിഷ്‌ടങ്ങളും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വൈകുന്നേരം ആറരയോടെയാണ് തീ പിടിത്തം ഉണ്ടായത്.
രണ്ട് മുറികളുള്ള കടയില്‍ മിക്കയിടത്തും തീപിടിച്ച് കറുത്ത പുക ഉയര്‍ന്നിരിക്കുകയാണ്.
തീപടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് തീ ആളിപ്പടരുന്നത് കുറയ്‌ക്കാൻ ശ്രമിക്കുന്നത്. ഇതുവരെ അഗ്നിബാധ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം.
തീപിടിത്തമുണ്ടായ കടയുടെ സമീപത്ത് ഒരു കടമാത്രമാണുള്ളത്. ഇവിടേക്ക് തീ പടരാതിരിക്കാൻ ശ്രമം തുടരുകയാണ്. എങ്ങനെയാണ് ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
നാലു വർഷത്തോളമായി പ്രവർത്തിക്കുന്ന ലക്ഷ്മി ഏജൻസീസ് എന്ന ആക്രിക്കടയിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയില്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം
