ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ് രംഗത്ത്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പ് വഴി നല്‍കാമെന്ന് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം.
ഇന്ന് ഉച്ചയ്ക്ക് 12.45നാണ് എം എസ് സൊല്യൂഷന്‍സ് എസ്എസ്എല്‍സി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാഗ്ദാനം പ്രതൃക്ഷപ്പെട്ടത്. സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെ വാഗ്ദാനം നല്‍കിയത്. താല്പര്യം ഉള്ളവര്‍ പരസ്യത്തിലുള്ള നമ്പറുകളില്‍ ബന്ധപ്പെടണം. ആ സമയത്താണ് പണം നല്‍കേണ്ട ക്യൂ ആര്‍ കോഡും ഗൂഗിള്‍ ഫോമും ലഭിക്കുക. പണം നല്‍കിയ സ്‌ക്രീന്‍ ഷോട്ട് നല്‍കിയാല്‍ ഉടന്‍ ചോദ്യപേപ്പറും ഉത്തരവും പിഡിഎഫ് ആയി ലഭിക്കും. നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ എ പ്ലസ് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും എ പ്ലസ് ലഭിക്കണേല്‍ പഠിക്കണമെന്നുമായിരുന്നു വിശദീകരണം.
ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുമ്പോഴാണ് മറുഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. കമ്പനി സി ഇ ഒ കൂടിയായ പ്രതിയെ മൂന്നുദിവസത്തേക്കാണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
