കുമളി: വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെക്കോസ്ലോവാക്യയിൽനിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽ വച്ച് യുവാവ് പീഡിപ്പിച്ചെന്നാണു പരാതി.
യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയാണ് യുവതി കുമളി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഇന്ത്യയിലെത്തിയ ചെക്കോസ്ലൊവാക്യൻ യുവതി, മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രേംകുമാറുമൊത്താണു വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പോയത്. ഇതിനിടെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവച്ച് പീഡിപ്പിച്ചെന്നാണു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കുമളി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിസ്ഥാനത്തുള്ള പ്രേംകുമാറിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്യാനാണു പൊലീസിന്റെ നീക്കം.

