ലഖ്നൗ: മകനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ മാതാവ് അറസ്റ്റിൽ. ഹർഷ (4) ആണ് മാതാവിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ബിജ്‌നോറിലെ ജലാൽപൂർ സ്വദേശി ആദേശ് ദേവിയാണ് പോലീസിന്റെ പിടിയിലായത്. ഇവർ നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ അകത്തിട്ട് കത്തിക്കുകയായിരുന്നു.
ഭർത്താവിന്റെ പരാതിയിലാണ് നടപടി. തൻ്റെ ഭാര്യ മകൻ ഹർഷിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് കപിൽ തങ്ങളെ വിളിച്ചറിയിക്കുകയായിരുന്നെന്ന് എഎസ്പി രാം അർജ് പറഞ്ഞു. രാവിലെ കപിൽ വയലിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നും അദ്ദേഹം അറിയിച്ചു.
പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ദേവിയെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, കൊലപാതക കാരണം പുറത്തുവന്നിട്ടില്ല

