അടൂർ: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍ കണ്ടെത്തി. വയല സ്വദേശി എലിസബത്ത് ബാബുവിനെയാണ് കിണറ്റില്‍ കണ്ടെത്തിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് ബാബു വീണത്.
എലിസബത്തിനെ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കാണാതായത്. ഇവർ പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റില്‍ വീണത്. വീട്ടുകാരും നാട്ടുകാരും ഈ സമയം എലിസബത്ത് കിണറ്റില്‍ വീണ കാര്യമറിയാതെ ഇവർക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് നടത്തിയ തുടരന്വേഷണത്തിലാണ് എലിസബത്ത് കിണറ്റില്‍ വീണ വിവരം അറിയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരില്‍ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘമാണ് എലിസബത്തിനെ രക്ഷപെടുത്തിയത്. വീഴ്ചയിൽ പരിക്കേറ്റ എലിസബത്ത് അടൂരിൽ ആശുപത്രിയിൽ ചികിൽസയിലാണ്.
കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ കിണറ്റിൽ കണ്ടെത്തി
