തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി




ന്യൂഡല്‍ഹി: തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി രണ്ട് ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് കുട്ടിയെ രാജലക്ഷ്മിക്ക് കിട്ടിയത്.

രണ്ടു പുരുഷന്‍മാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിര്‍ത്തിരുന്നു. ഇതും സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. ഏപ്രില്‍ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിറ്റേദിവസം സ്വന്തം നാടായ ഭുവനേശ്വറില്‍ എത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. അമ്മ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.



ഭുവനേശ്വറില്‍ പെണ്‍കുട്ടി മൊബൈല്‍ മറന്നുവെച്ചതാണ് കൊലപാതക വിവരം പുറത്താകുന്നത്. രാജലക്ഷ്മിയുടെ സഹോദരന്‍ സിബ പ്രസാദ് മിശ്ര ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാം മെസഞ്ചറില്‍ കൊലപാതക പദ്ധതി വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയില്‍ ആക്കണമെന്നതും ചാറ്റില്‍ വ്യക്തമായി പറഞ്ഞിരുന്നു. സംഭവത്തില്‍ മേയ് 14ന് സിബ പ്രസാദ് മിശ്ര പരാലഖേമുന്‍ഡി പൊലീസില്‍ പരാതി നല്‍കി.

പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗണേഷ് റാതാണ് കൊലപാതകത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയാല്‍ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കള്‍ കൈവശമാക്കാമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തി. ഏപ്രില്‍ 29ന് വൈകുന്നേരം അമ്മയ്ക്ക് മകള്‍ ഉറക്കഗുളികകള്‍ നല്‍കി. അവര്‍ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.




രാജലക്ഷ്മിയുടെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി നേരത്തേതന്നെ റാതിനു കൈമാറിയിരുന്നു. ഇത് 2.4 ലക്ഷം രൂപയ്ക്ക് ഇയാള്‍ വിറ്റു. പ്രതികളില്‍നിന്ന് 30 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭര്‍ത്താവും ചേര്‍ന്നാണ് ഉപക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ വെറും മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ദത്തെടുത്തത്. ഒരു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളര്‍ത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: