കാഞ്ഞങ്ങാട്: വീട് വയ്ക്കാൻ മണ്ണ് മാറ്റുന്നതിനിടെ പുരാവസ്തുക്കളുടെ വൻശേഖരം. കാഞ്ഞങ്ങാട് പറക്കളായി നൂറ്റാണ്ടുകൾ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധന ശേഷിപ്പുകളും കണ്ടെത്തി. 17ാം നൂറ്റാണ്ടിലെ നിരവധി രൂപങ്ങളാണ് ശങ്കര ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.
വലിയടുക്കത്ത് രതി രാധാകൃഷ്ണൻ്റെ പറമ്പിൽ നിന്നും വീട് നിർമ്മിക്കുന്നതിന് മണ്ണ് മാറ്റുമ്പോഴാണ് പുരാവസ്തുക്കൾ ലഭിച്ചത്. പന്നി, മാൻ, കോഴി, ഞണ്ട്, ആട്, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങൾ, തെയ്യാരാധനയുമായി ബന്ധപ്പെട്ട അണിയറകളുടെയും തിരുമുടിയുടെയും രൂപങ്ങൾ, നിലവിളക്ക്, വാൾ, തൃശൂലം, മെതിയടി രൂപങ്ങൾ തുടങ്ങിയവയാണ് മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയത്.
പതിനേഴാം നൂറ്റാണ്ടിൽ ഉത്തര കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണിതെന്നാണ് നിഗമനം. കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നേരത്തേയും പുരാതന ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു.
