കൊച്ചി: പൊലീസെന്ന് അവകാശപ്പെട്ട് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായി. കൊച്ചി മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ ഇക്കഴിഞ്ഞ നവംബർ 15നാണ് സംഭവം. രാത്രി 12 മണിയോടെയാണ് കവർച്ച നടത്തിയത്.
എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്‌സൺ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ സംഘം വധഭീഷണി മുഴക്കി അഞ്ച് മൊബൈൽ ഫോണുകളും സ്വർണമാല, മോതിരം എന്നിവയും തട്ടിയെടുക്കുകയായിരുന്നു. ആസൂത്രിത കവർച്ചയാണ് സംഘം നടത്തിയത്. ഹോസ്റ്റലിൽ താമസിക്കുന്നവരുടെ സുഹൃത്ത് വഴി സെജിനാണ് ആദ്യം ഹോസ്റ്റലിലെത്തിയത്. സംസാരിച്ചിരിക്കെ മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ പൊലീസ് സ്ക്വാഡ് ആണെന്ന വ്യാജേന ജയ്‌സണും കയിസും ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുകയായിരുന്നു. അതിക്രമം നടക്കുന്ന സമയം നിയമവിദ്യാർത്ഥിനിയെ കാറിൽ നിരീക്ഷണത്തിനായി ഏൽപ്പിച്ചിരുന്നു. മോഷണത്തിന് പിന്നാലെ പ്രതികൾ കടന്നുകളയുകയും ചെയ്തു.
