ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിലുള്ള അസാധാരണ ശബ്ദം; പോലീസെത്തി ഡോർ തകർത്ത് അകത്തു കടന്നപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഒപ്പം യുവാവും

കൊൽക്കത്ത: ഫ്ലാറ്റിനുള്ളിൽ ഉച്ചത്തിലുള്ള ശബ്ദം കേട്ടെന്ന വിവരത്തെത്തുടർന്നെത്തിയ പോലീസ് കണ്ടത് മുറിക്കുള്ളിൽ യുവതിയുടെ മൃതദേഹം, ഒപ്പം മൃതദേഹത്തിനടുത്ത് യുവതിയുടെ ആൺ സുഹൃത്തും. യുവാവിനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റിയിലെടുത്തു. ബാറിൽ ഡാൻസറായി ജോലി ചെയ്യുന്ന മനീഷ റോയ് എന്ന യുവതിയെ കൊൽക്കത്ത ബഗൈതിയിലെ ദേശ്ബന്ധു നഗറിലുള്ള വാടക അപ്പാർട്ട്മെന്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.


യുവതി മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചുവെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താൻ കെട്ടഴിച്ച് യുവതിയെ താഴെയിറക്കുകയായിരുന്നു എന്നുമാണ് യുവാവ് പറഞ്ഞത്. ഭുവനേശ്വറിലെ ബാറിൽ ഡാൻസറായി ജോലി ചെയ്യുന്ന മനീഷ അടുത്തിടെയാണ് കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലേക്ക് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാത്രി പുരുഷ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്പാർട്ട്മെന്റിൽ നിന്ന് വാതിൽ ചവിട്ടിപ്പൊളിക്കുന്നത് പോലെയും ഉച്ചത്തിൽ സംസാരിക്കുന്നത് പോലെയുമുള്ള അസാധാരണ ശബ്ദം കേട്ടുവെന്ന് അറിയിച്ച് അയൽവാസികളാണ് പൊലീസിനെ വിളിച്ച് വരുത്തിയത്. പൊലീസെത്തി വാതിലിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് പൊലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോൾ യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിലും യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുന്ന നിലയിലുമായിരുന്നു. കിടപ്പുമുറിയുടെ വാതിൽ നേരത്തെ തന്നെ തകർത്ത നിലയിലുമാണ് പൊലീസ് സംഘം കണ്ടത്.

തിങ്കളാഴ്ച രാത്രിയിലെ ജന്മദിന ആഘോഷങ്ങൾക്കിടെ താനും യുവതിയും തമ്മിൽ വഴക്കുണ്ടായെന്നും അതിനൊടുവിൽ യുവതി മുറിയിൽ കയറിപ്പോയി വാതിലടച്ചുവെന്നും പുരുഷ സുഹൃത്ത് മൊഴി നൽകി. താൻ ഡ്രോയിങ് റൂമിൽ കിടന്ന് ഉറങ്ങിപ്പോയത്രെ. ഉറക്കം ഉണർന്നപ്പോൾ കിടപ്പുമുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ യുവതി ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. കെട്ടഴിച്ച് താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു എന്നും യുവാവ് പറഞ്ഞു. യുവതിയുടെ കഴുത്തിന് ചുറ്റും പാടുകളുണ്ടെന്നും ബലമായി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത് പോലുള്ള എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: