കൊച്ചി: പി സി ചാക്കോ – എ കെ ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനിടെ എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. കൊച്ചിയിൽ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദിൻ്റെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ തങ്ങൾ നിർദ്ദേശിക്കുന്ന ആളാകണം എന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ് ഇരു വിഭാഗവും. മുഴുവൻ ജില്ലാ പ്രസിഡൻ്റുമാരും പങ്കെടുക്കുന്ന യോഗത്തിൽ സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരും.
തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ്റെ നിലപാട്. സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് എന്ന നിലയിൽ പുതിയ പ്രസിഡൻ്റിനെ നിർദ്ദേശിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണ് പി സി ചാക്കോ അവകാശപ്പെടുന്നത്. തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാനാണ് എ കെ ശശീന്ദ്രൻ പക്ഷത്തിൻ്റെ തീരുമാനം. ഇതോടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കൂടുതൽ തർക്കത്തിലേക്ക് പോകാനാണ് സാധ്യത.
പി സി ചാക്കോ നിർദേശിക്കുന്നയാളെ അധ്യക്ഷനാക്കാനുളള തീരുമാനം ഉണ്ടായാൽ ശശീന്ദ്രൻ പക്ഷം കടുത്ത നിലപാടിലേക്ക് പോകാനാണ് സാധ്യത. എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. രാജിവെച്ച പി.സി.ചാക്കോ ദേശീയ വർക്കിങ് പ്രസിഡൻ്റായി തുടരും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.
