Headlines

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; അറുപത്തിയൊൻപതുകാരന് ജീവപര്യന്തം തടവ്

തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വായോധികന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ആളില്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ തണല്‍ എന്ന സ്ഥാപനത്തില്‍ പാര്‍പ്പിക്കുകയും അവിടെവച്ച് കൗൺസിലിങ്ങിനിടെയാണ് രാജന്റെ വീട്ടില്‍വച്ച് താൻ പീഡിപ്പിക്കപ്പട്ട വിവരം പെണ്‍കുട്ടി വിശദമായി പറഞ്ഞത്.

തുടർന്ന് തണൽ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി കുന്നംകുളം എസ്.ഐയായിരുന്ന ഇഗ്‌നി പോള്‍ രേഖപ്പെടുത്തി, കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ അന്വേഷണം കുന്നംകുളം സി.ഐമാരായിരുന്ന രാജേഷ് കെ. മേനോന്‍, സി.ആര്‍. സന്തോഷ്, ജി. ഗോപകുമാര്‍ എന്നിവര്‍ ആണ് പൂർത്തിയാക്കിയത്.

കുന്നംകുളം സി.ഐയായിരുന്ന കെ.ജി. സുരേഷ് ആണ് പ്രതിയുചെ പേരില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 23 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും മറ്റു തെളിവുകളും പരിശോധിച്ചാണ് ജഡ്ജ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, സഫ്‌ന, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശോബ് എന്നിവരും പ്രവര്‍ത്തിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: