ലഖ്നൗ: പ്രായപൂർത്തിയാകാത്ത
-പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒമ്പത് വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ ബിജെപി എംഎൽഎക്ക് 25 വർഷം കഠിന തടവ് ശിക്ഷ. സോൻഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള ഗോത്രവർഗ എംഎൽഎയായ രാംദുലാരെ ഗോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. നിയമസഭയിൽ നിന്ന് ഇയാളെ അയോഗ്യനാക്കി. 25 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് എംപി- എംഎൽഎമാരുടെ കോടതി ശിക്ഷ വിധിച്ചത്.
2014 ലാണ് കുറ്റകൃത്യം നടന്നത്. പരാതി നൽകിയതിന് ശേഷം ഒരു വർഷത്തിലേറെയായി എംഎൽഎ കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പിഴയായി ഈടാക്കിയ തുക അതിജീവിതക്ക് നൽകും.
2014ൽ ഗോണ്ടിൻറെ ഭാര്യ ദുദ്ദി നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമ പഞ്ചായത്ത് തലവനായിരുന്നു. പ്രാദേശിക ശക്തനായിരുന്ന ഗോണ്ട്, ഭാര്യയുടെ സ്ഥാനം മുതലെടുത്ത് രാഷ്ട്രീയത്തിൽ വളരാൻ ശ്രമിച്ചു. 2014 നവംബർ 4 നാണ് രാംദുലാരെ ഗോണ്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്. മയോർപൂർ പൊലീസ് കേസിൽ എഎഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം ബിജെപി ടിക്കറ്റിൽ ദുദ്ദി മണ്ഡലത്തിൽ നിന്ന് രാംദുലാരെ ഗോണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് കേസ് സോൻഭദ്രയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

