പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ടയർ കടയിലെ ജീവനക്കാരൻ പിടിയിൽ




തിരുവനന്തപുരം : വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പനച്ചമൂട്, പഞ്ചാകുഴി മലവിളക്കോണം സിനു ഭവനിൽ ഷിജിനെ(19) യാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവാവ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

വെള്ളറടയിൽ പനച്ചമൂട്ടിൽ പ്രവർത്തിക്കുന്ന ടയറുകടയിലെ ജീവനക്കാരനാണ് കേസിലെ പ്രതിയായ ഷിജിൻ. ഇയാൾ ജോലി ചെയ്തിരുന്ന ടയർ കടയ്ക്ക് മുന്നിലൂടെ സ്കൂളിൽ പോയിരുന്ന പെൺകുട്ടിയുമായി ഷിജിൻ സൗഹൃദം നടിച്ച് അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം പതിവായി ഫോൺ വിളിച്ച് സംസാരം തുടങ്ങി. പ്രണയം നടിച്ച് അടുപ്പം വളർത്തിയ പ്രതി വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

തുടർന്ന് പ്രതി കഴിഞ്ഞ ഡിസംബറിൽ കേരളത്തിലും, തമിഴ്നാട്ടിലും പല സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം ഷിജിൻ പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഇതോടെയാണ് വിദ്യാർത്ഥിനി താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പെൺകുട്ടി രക്ഷിതാക്കളെ കാര്യം അറിയിക്കുകയും രക്ഷിതാക്കൾ വെള്ളറട പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനിടെ പ്രതി മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളറട സി.ഐ. ബാബുകുറുപ്പ്, എസ്.ഐ റസ്സൽ രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: