കൊച്ചി: വാറന്റി ഉണ്ടായിട്ടും തകരാർ സംഭവിച്ച മൊബൈൽ ഫോൺ നന്നാക്കി നൽകിയില്ല. മൊബൈൽ കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സാംസങ് മൊബൈൽ കമ്പനിക്കെതിരെ മുവാറ്റുപ്പുഴ സ്വദേശി ജോജോമോൻ സേവിയർ നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.
2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ മൊബൈൽ ഫോൺ വാങ്ങിയത്. ഫ്ലിപ്പ് സംവിധാനത്തിന് തകരാറുണ്ടായപ്പോൾ ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചു. എന്നാൽ, 33,218 രൂപ നൽകിയാൽ തകരാർ പരിഹരിക്കാമെന്നായിരുന്നു സർവീസ് സെന്ററിൽ നിന്നും അറിയിച്ചത്.
തുടർന്ന് കമ്പനിക്കെതിരെ പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഉപഭോക്താവിന്റെ അശ്രദ്ധമൂലമാണ് ഫോണിന് തകരാർ സംഭവിച്ചതെന്നും അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നുമായിരുന്നു സാംസങ് കോടതിയിൽ വാദിച്ചത്. എന്നാൽ, ഇത് ഉപഭോക്തൃ തർക്കപരിഹാര കമീഷൻ അംഗീകരിച്ചില്ല.
സേവനത്തിലെ വീഴ്ചയാണ് ഇതെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. 11 മാസം ഉപയോഗിച്ചതിന് 10 ശതമാനം മൂല്യശോഷണം കണക്കാക്കി 83,690 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഉത്തരവിടുകയായിരുന്നു.
