കിളിമാനൂർ : കിളിമാനൂർ ടൗണും പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്റ്റാൻ്റ് പരിസരവും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി മരുന്നുകളുടെയും ഉപഭോഗവും വിപണനവും നടക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ പോരാടാൻ ഉറച്ച് നാട്ടുകാരും ജനപ്രതിനിധികളും.
സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ലഹരി മാഫിയകളുടെ ഇടനിലക്കാരും ഏജൻ്റുമാരും സജീവമാകും. സമീപ പ്രദേശങ്ങളിലുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരു ചെറിയ വിഭാഗം കുട്ടികളെ ലഹരി ഉത്പന്നങ്ങളുടെ വാഹകരായും ഉപഭോക്താക്കളായും മാഫിയ പ്രയോജനപ്പെടുത്തുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ടത്രെ.
ഇത് പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്കൂൾ, കോളേജ് യൂണിഫോം ധരിക്കാതെയാണ് ക്ലാസുകൾ ബഹിഷ്കരിച്ചു സ്കൂൾ സമയങ്ങളിൽ ഈ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ കറങ്ങി നടക്കുന്നത്. ഇതിനെ തുടർന്ന് പലപ്പോഴും പഞ്ചായത്ത് ബസ്റ്റാൻഡിനകത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ട്. കിളിമാനൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ ലഹരി വിൽപ്പന തടയണമെന്നും കർശനമായ പരിശോധനകൾ നടത്തണമെന്നും ആവശ്യപ്പെട്ട് എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി എക്സൈസ് ഓഫീസറിന് പരാതി നൽകിയിരുന്നു. എഐഎസ്എഫ് മണ്ഡലം കമ്മിറ്റിയുടെയും സ്കൂൾ അധികൃതരുടെയും പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി പോലീസ്, എക്സൈസ്, സ്കൂൾ മേധാവികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഉൾപ്പെടെ മറ്റു സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, പത്രപ്രവർത്തകർ എന്നിവരുടെ വിപുലമായ യോഗം രാജാരവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു.
MLA ഒ. എസ്.അംബിക, ബി.പി മുരളി, ജി.ജി.ഗിരികൃഷ്ണൻ, എൻ.സലിൽ, റ്റി.ആർ മനോജ് എന്നിവർ രക്ഷാധികരികളായി ഒരു നിരീക്ഷണ സമിതിക്ക് രൂപം നൽകി. തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതോടെ വരും ദിവസങ്ങളിൽ സമിതി പ്രവർത്തനം സജീവമാകും.
കഴിഞ്ഞ മാസം, പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ കേരളത്തിലെ സ്‌കൂളുകളിൽ സുരക്ഷാ നടപടികളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തിരുന്നു . മന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ, ജില്ലാതല പബ്ലിക് വിജിലൻസ് കമ്മിറ്റി കൂട്ടായിമയിലൂടെയുള്ള സാമൂഹിക പങ്കാളിത്തത്തിന് ഊന്നൽ നൽകിരുന്നു. കുട്ടികളുടെ പാർലമെൻ്റ്, ലഹരിവിരുദ്ധ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ അന്ന് ചർച്ച ചെയ്തിരുന്നു.

