Headlines

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; നൽകിയത് ഓയൂറിലെ ഹീറോയുടെ പേര്, ആദരമായാണ് ആ പേര് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ തിങ്കളാഴ്ച രാത്രി ആറ് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ലഭിച്ചു. രാത്രി 7.45ന് ആണ് കുട്ടിയെ ലഭിച്ചത്. കുഞ്ഞിന് ജോനാഥന്‍ എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ കുഞ്ഞിന്റെ സഹോദരന്റെ പേരാണ് ജോനാഥൻ. സംഭവത്തിൽ ഒന്നാമത്തെ ഹീറോ കുട്ടിയുടെ സഹോദരൻ ജോനാഥൻ ആയിരുന്നു.

ഇരു കാലുകളും റോഡിലുരഞ്ഞ് കാറിൽ തൂങ്ങിക്കിടക്കുമ്പോഴും ആറു വയസ്സുകാരിയായ പെങ്ങളെ രക്ഷിക്കാൻ ശ്രമിച്ച പത്തു വയസ്സുകാരൻറെ പേര് ക്രിസ്മസ് പുതുവത്സര ആഘോഷ നാളുകളിൽ കുഞ്ഞിന് നല്‍കുകയായിരുന്നു എന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു. തൻറെ ഇടതു കൈപിടിച്ചു നടന്ന കുഞ്ഞു പെങ്ങളെ സംരക്ഷിക്കാൻ ജോനാഥൻ നടത്തിയ പോരാട്ടം വിഫലമായെങ്കിലും വലതുകൈയിൽ സൂക്ഷിച്ചിരുന്ന വടികൊണ്ടുള്ള ചെറുത്തു നിൽപ്പ് കേരള സമൂഹം ഒന്നാകെ നൊമ്പരപ്പെടുത്തലിനിടയിലും അഭിമാനം കൊണ്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തു നിൽപ്പാണ് കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതികൾ വരെ സമ്മതിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. ജോനാഥനുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരം ഇതുവഴി രേഖപ്പെടുത്തുകയാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

ഡിസംബർ മാസത്തിൽ ലഭിച്ച ആദ്യത്തെ കുഞ്ഞും കഴിഞ്ഞ രണ്ടു മാസങ്ങളിലായി തിരുവനന്തപുരത്ത് ലഭിച്ച അഞ്ചാമത്തെ കുട്ടിയുമാണ് ഇന്നലെ എത്തിയത്. രണ്ടര കിലോഗ്രാം ഭാരവമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരുമെത്തി. ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞിനെ ആരോഗ്യ പരിശോധനകൾക്കായി തിരുവനന്തപുരം തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരിക്കുകയാണ്.

2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 591-ാമത്തെ കുരുന്നാണ് ജോനാഥൻ. കഴിഞ്ഞ ആറു മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന ഒന്‍പതാമത്തെ കുട്ടിയും 7-ാമത്തെ ആൺകുട്ടിയുമാണ്. ഈ വർഷം ഇതുവരെ 54 കുട്ടികളെ ദത്തെടുക്കപ്പെടുകയും ചെയ്തു. ഇവരില്‍ പത്ത് പേരെ വിദേശത്തേക്കാണ് ദത്തെടുത്ത് കൊണ്ടുപോയത്. ഇന്നലെ ലഭിച്ച കുഞ്ഞിന്റെ കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: