തിരുവനന്തപുരം: പാളയത്ത് നിർത്തിയിട്ടിരുന്ന കാർ മറ്റൊരു കാറിന്റെ പിന്നിലിടിച്ച് ഒരാൾ മരിച്ചു. മലയിൻകീഴ് ഗസ്റ്റ് ഹൗസ് റോഡിൽ ആർ.എസ്.ഭവനിൽ രാമചന്ദ്രന്റെയും ശോഭനകുമാരിയുടെയും മകൻ രജീഷ് മോൻ (32) ആണ് മരിച്ചത്.സാഫല്യം കോംപ്ലക്സിന് എതിർവശത്തുള്ള അരുണ ഹോട്ടലിന് മുന്നിൽ പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
രജീഷ് സുഹൃത്ത് അനീഷി (46) നൊപ്പം കാറിനുള്ളിലായിരുന്നു. മറ്റൊരു സുഹൃത്ത് അഭിലാഷ് കാറിനു പുറത്ത് നിൽക്കുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം സ്വദേശിനി അമേയ പ്രസാദിനും (32) പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന നിലമേൽ സ്വദേശി ഇജാസിനെ (23) കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
