ലഖ്നോ: സബ് ഇൻസ്പെക്ടറുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഉംറക്ക് പോകുന്നതിനായി പാസ്പോർട്ട് വെരിഫിക്കേഷന് അലിഗഡ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആയിരുന്നു വെടിയേറ്റത്. ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയവേയായിരുന്നു അന്ത്യം.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അബദ്ധത്തിൽ വെടിയേറ്റെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതരുടെ ഭാഷ്യം. എസ്.ഐയുടെ മുന്നിൽ സ്ത്രീ നിൽക്കുന്നത് വീഡിയോയിൽ കാണാം. കുറച്ചുസമയം കഴിഞ്ഞ് ഒരു പൊലീസുകാരൻ വന്ന് എസ്.ഐ മനോജ് ശർമക്ക് തോക്ക് കൊടുക്കുകയും അയാളുടെ കൈയിൽനിന്ന് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടി ഉതിരുകയുമായിരുന്നു. വെടി ഉതിരുന്നതിന് തൊട്ടുമുമ്പ് മനോജ ശർമ പിസ്റ്റൾ ലോഡ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിയേറ്റയുടൻ സ്ത്രീ നിലത്തേക്ക് വീഴുന്നതും കാണാം. സ്ത്രീയുടെ അടുത്തേക്ക് പൊലീസുകാരൻ എത്തുന്നുമുണ്ട്.
അതേസമയം, പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടി സ്ത്രീ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധു ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പൊലീസുകാരൻ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് ബന്ധുവിന്റെ പരാതി. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായ മനോജ് ശർമയെ സസ്പെൻഡ് ചെയ്തിരുന്നു. അയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മനോജ് ശർമ ഒളിവിലാണ്.
