ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് ഇന്ന്. പലരും ഇപ്പോൾ റീലുകൾക്ക് അഡിക്ട് ആണ്. അങ്ങനെ റീല് ചെയ്തു നടക്കുന്നവർക്ക് ഇപ്പോഴിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. റീലുകളിൽ ഇനി മുതൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേർക്കാനാകും. ഒന്നിലധികം എന്നു പറയുമ്പോൾ ഒന്നോ രണ്ടോ പത്തോ ഒന്നുമല്ല. 20 പാട്ടുകൾ വരെ ഒരു റീലിൽ ചേർക്കാനുള്ള മൾട്ടിപ്പിൾ ഓഡിയോ ട്രാക്കസ് സൗകര്യമാണ് ഇൻസ്റ്റഗ്രാം ഒരുക്കിയിരിക്കുന്നത്.
ഇത് കൂടാതെ ഇങ്ങനെ നിർമിക്കുന്ന റീൽസിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകൾ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെയ്ക്കുകയും ചെയ്യാം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള ഇടമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും ഇന്ത്യയിലാണ്.
ഈ ഫീച്ചർ ഇന്ന് മുതൽ ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ ചേർക്കുന്ന പാട്ടുകൾക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകൾ, സ്റ്റിക്കറുകൾ, വീഡിയോ ക്ലിപ്പുകൾ എന്നിവയെല്ലാം ചേർത്ത് ഇൻസ്റ്റഗ്രാമിൽ തന്നെ എഡിറ്റ് ചെയ്യാനാവും. ഒന്നിലധികം പാട്ടുകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള ഓഡിയോ മിക്സ് മറ്റുള്ളവർക്കും ഉപയോഗിക്കാനാവും എന്ന് ആദം മൊസേരി പറഞ്ഞു.


