പോലീസിന്റെ മർദ്ദനത്തിൽ റിട്ട.സൈനികന്  ഇടതുകാൽനഷ്ടമായി

നീലേശ്വരം: ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടറായി വിരമിച്ച സാർജൻ്റ് പി വി സുരേശന് (49) മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായത് മറക്കാനാവാത്ത ദുരനുഭവമാണ്. ലാത്തികൊണ്ടുള്ള പോലീസിന്റെ ശക്തമായ അടിയില്‍ സുരേശന് ഇടതുകാൽ നഷ്ടപ്പെട്ടു. ജന്മനാടായ നീലേശ്വരത്തു നിന്ന് മലബാർ എക്‌സ്‌പ്രസിൽ 10.15-ന് മംഗലാപുരം സെൻട്രലിൽ മിലിട്ടറി കാൻ്റീനിലേക്ക് പോകുമ്പോഴാണ് സംഭവം.


വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഫെബ്രുവരി ഒന്നിന് മംഗളൂരുവിലെ മിലിറ്ററി കാന്റീനിലേക്ക് പോയതായിരുന്നു അങ്കക്കളരി ‘അര്‍ച്ചന’യിലെ പി.വി. സുരേശന്‍. പോകുന്നതിന് മുമ്പ് സുരേശൻ പ്ലാറ്റ്ഫോം ബെഞ്ചിൽ അൽപനേരം വിശ്രമിക്കാൻ തീരുമാനിച്ചു.’ഞാൻ വിശ്രമിക്കുമ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെ വിളിച്ചുണർത്തി, അവിടെ ഉറങ്ങാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞു. ഞാൻ ഒരു മുൻ സൈനികനാണെന്നും എനിക്ക് അസ്വസ്ഥതയുണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു’.

പോലീസുകാരന്‍ ഉറങ്ങിക്കിടന്ന സുരേശന്റെ കാല്‍പ്പാദത്തില്‍ ലാത്തികൊണ്ട് മാരകമായി അടിച്ചതായി പറയുന്നു. ബോധംപോയ സുരേശന് രാത്രി എട്ടരയോടെയാണ് ബോധം തെളിഞ്ഞത്. മകള്‍ ഹൃദ്യയെ ഫോണില്‍ വിളിച്ച് സുഖമില്ലാതെ കിടക്കുകയാണെന്ന് അറിയിച്ചു. ഹൃദ്യ ഉടന്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനിലും പോലീസിലും വിവരമറിയിച്ചു. അന്വേഷണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ സുരേശനെ പോലീസ് ആസ്പത്രിയിലാക്കി. പിന്നാലെ കുടുംബമെത്തി നാട്ടിലേക്ക് കൊണ്ടുപോയി. കാലില്‍ നീരുണ്ടായിരുന്നതിനാല്‍ നീലേശ്വരത്തെ ആസ്പത്രിയില്‍ കാണിച്ചു. കാലിലെ പരിക്ക് മാരകമാണെന്നും ഉടന്‍ വിദഗ്ധചികിത്സ വേണമെന്നും പരിശോധിച്ച ഡോക്ടര്‍ നിര്‍ദേശിച്ചു. അപ്പോഴാണ് തന്നെ പോലീസ് മര്‍ദിച്ച കാര്യം സുരേശന്‍ പറഞ്ഞത്.

ഉടന്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മര്‍ദനത്തില്‍ വൃക്കയ്ക്കും തകരാര്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇടതുകാല്‍ മുറിച്ചുമാറ്റുകയല്ലാതെ മറ്റുവഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി കാല്‍ മുറിച്ചുമാറ്റി. വൃക്കയുടെ പ്രവര്‍ത്തനം നേരേയാക്കാന്‍ ഡയാലിസിസും വേണ്ടിവന്നു. തുടര്‍ന്ന് ഹൃദ്യ മംഗളൂരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് മൂന്നുതവണ ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കി മടങ്ങിയതല്ലാതെ തുടര്‍നടപടിയൊന്നുമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വെച്ച് പോലീസ് സുരേശനെ മർദ്ദിച്ചതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് മുമ്പ് ആക്രമിക്കപ്പെട്ട സ്ഥലം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്, എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: