പെരിന്തല്‍മണ്ണ: ഏഴുവയസ്സുകാരിക്ക് മിഠായി നൽകിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി കുട്ടിപ്പാറയില്‍ താമസിച്ചിരുന്ന ഇളത്തുരുത്തിയില്‍ രവീന്ദ്രനെ(63)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകളും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളും പ്രകാരം 20 വര്‍ഷംവീതം കഠിനതടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം ആറുമാസംവീതം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി. 2020 ഓഗസ്റ്റ് മുപ്പതിനായിരുന്നു സംഭവം.
മുന്‍പും പലപ്പോഴായി പ്രതി കുടുംബമായി താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിലേക്ക് കുട്ടിയെ കൊണ്ടുവന്ന് കഠിനമായ ലൈംഗിക കൈയേറ്റം നടത്തിയെന്നായിരുന്നു കേസ്. പെരിന്തല്‍മണ്ണ എസ്.ഐ. ആയിരുന്ന രമാദേവിയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്. ഇന്‍സ്പെക്ടര്‍മാരായിരുന്ന സജിന്‍ ശശി, സി.കെ. നാസര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിയെ പെരിന്തല്‍മണ്ണ സബ്ജയില്‍ മുഖേന തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.
