ന്യൂഡൽഹി: പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ. തെക്കൻ ഡൽഹിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. 15 വർഷമായി കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) ആണ് കൊല്ലപ്പെട്ടത്.
പ്രസാദം വാങ്ങാനെത്തിയ യുവാക്കളുടെ സംഘത്തോട് കുറച്ച് സമയം കാത്തിരിക്കണമെന്ന് യോഗേന്ദ്രസിങ് ആവശ്യപ്പെട്ടു. ഇതിന്റെ പ്രകോപനത്തിലാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ചാണ് യുവാക്കൾ ജീവനക്കാരനെ ആക്രമിച്ചത്. ക്ഷേത്രത്തിലെത്തിയ യുവാക്കളുടെ സംഘം അവിടെയുണ്ടായിരുന്ന എല്ലാവരോടും മോശമായി പെരുമാറിയെന്നാണ് വിവരം. സംഘത്തിലുള്ള യുവാക്കളിൽ ഒരാളെ പോലീസ് പിടികൂടി. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
