Headlines

വയറുവേദനയെ തുടർന്ന്  ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു

കോട്ടയം: അതികഠിനമായ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപർണികയാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. എന്നാൽ അസുഖത്തിന് കുറവൊന്നും ഉണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ടോടെ വീണ്ടും കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു.


പരിശോധനകൾ ഇടയ്ക്കിടെ നടത്തുന്നുണ്ടെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. രാത്രി ഒന്നിനു കുട്ടിക്കു ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴായിട്ടും പാതി പോലും ശരീരത്തില്‍ കയറിയില്ല. ഇതേതുടർന്ന് നില ഗുരുതരമായതോടെ ഇന്നലെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിക്കു ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യവിഷബാധയേറ്റതായി തങ്ങളോട് ചില ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു. തങ്ങളുടെ കുട്ടി മരിക്കാൻ കാരണം അധികൃതരുടെ അനാസ്ഥ കാരണമെന്നും നടപടി എടുക്കണമെന്നും മാതാപിതാക്കൾ ആരോപിച്ചു. അതേസമയം ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: