മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട മേഖലയിൽ വൻ സംഘർഷാവസ്ഥ. പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. മന്ത്രിക്കെതിരെ ജനരോഷം ഇരമ്പുകയാണ്. ഏറെ പണിപ്പെട്ടാണ് പ്രതിഷേധവുമായി എത്തിയ ജനങ്ങളെ പോലീസ് നിയന്ത്രിച്ചത്. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യം. ജനാരോക്ഷം ശക്തമായതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ ജില്ലാ ഭരണകൂടം ഉത്തരവ് നൽകി.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണ് രാധയെ കടുവ കൊന്നത്. 100 മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തിയത്
ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത് നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാകാത്ത പക്ഷം മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാധയുടെ മൃതദേഹം നിലവിൽ പ്രിയദര്‍ശനി എസ്റ്റേറ്റിലാണുള്ളത്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇപ്പോൾ ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്
