ഇടുക്കി : ഇടുക്കി പീരുമേടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്. സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്‌റെ നിഗമനം. സീതയുടെ ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തില്‍ തന്നെയുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ സീതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന തരത്തില്‍ സംശയം ഉയര്‍ന്നിരുന്നു. സീതയുടെ കഴുത്തില്‍ അടിപിടി നടന്നതിന്‌റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പരിക്കേറ്റ സീതയെ വനത്തിന് പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോള്‍ ഭര്‍ത്താവ് താങ്ങിപ്പിടിച്ചതാണെന്ന് കണ്ടെത്തി. സീതയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും, സീതയെ ചുമന്നു കൊണ്ടു വരുമ്പോഴുമാണെന്നും പൊലീസ് കണ്ടെത്തി.
നേരത്തെ കാട്ടാന ആക്രമണത്തിന്‌റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നായിരുന്നു് ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞിരുന്നത്. ഇതോടെ സീതയുടെ ഭര്‍ത്താവിനെ സംശയിക്കുകയായിരുന്നു. സീതയുടെ മരണത്തിന്‌റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ മാസമായിരുന്നു പീരുമേട് സ്വദേശി സീത കാട്ടാന ആക്രമണത്തില്‍ മരിച്ചെന്ന് ഭര്‍ത്താവ് ബിനു പറഞ്ഞത്. രണ്ട് മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണമെന്നായിരുന്നു ബിനു പറഞ്ഞത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നത്.
