കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു; 18 മണിക്കൂർ നീണ്ട പരിശ്രമം വിജയം

ബംഗളൂരു: കര്‍ണാടകയില്‍ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു. ഇന്നലെയാണ് 280 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണത്. കുഴല്‍ക്കിണറില്‍ 20 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന കുട്ടിയെ സമാന്തരമായി കുഴി കുഴിച്ചാണ് രക്ഷിച്ചത്.

വിജയപുര ഇന്‍ഡി താലൂക്കിലെ ലച്യന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറിന് അരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരനാണ് കുടുംബത്തെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഫാം ഉടമയുടെ കൊച്ചുമകനാണ് കുഴല്‍ക്കിണറില്‍ വീണത്

ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഴല്‍ക്കിണര്‍ കുത്തിയത്. 280 അടി കുഴിച്ചിട്ടും വെള്ളം കിട്ടാതെ വന്നതോടെ ഡ്രില്ലിങ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഴല്‍ക്കിണര്‍ മൂടാന്‍ മറന്നുപോയതാണ് അപകടത്തിന് കാരണമായത്. കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയില്‍ കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിക്ക് അരികില്‍ എത്തിയത്. എക്‌സ്‌കവേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കുഴി കുഴിച്ചത്. അതിനിടെ കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: