മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കിണർ കുറേശ്ശെയായി ഇടിഞ്ഞു താഴുകയായിരുന്നു. “രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്കിനിൽക്കെ കിണർ കുറേശ്ശെ കുറേശ്ശെയായി ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി”- വീട്ടുകാർ പറഞ്ഞു.
അതേസമയം അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാറാത്തവാഡക്ക് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും അതി ശക്തമായ മഴയാണ്.
