കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസുമായി യുവതി

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസുമായി യുവതി രംഗത്ത്. 27 കാരിയായ യുവതിയാണ് ആപ്പിളിനെതിരെ നോര്‍ത്ത് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. നിയമ പ്രകാരം കുറഞ്ഞത് 150000 ഡോളര്‍ നഷ്ടപരിഹാരത്തിന് കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ഇരയായവര്‍ അര്‍ഹരാണ്. അതായത് 120 കോടി ഡോളറിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസാണിത്.


ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടര്‍ന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് വഴി ഒരുക്കിയെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്. ബാല്യ കാലത്തു തന്നെ ഒരു ബന്ധു ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അയാള്‍ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ മറ്റൊരാള്‍ കൈവശം വെക്കുന്നുണ്ടെന്നറിയിച്ച് അന്വേഷണ ഏജന്‍സികളില്‍ നിന്ന് നിരന്തരമെന്നോണം യുവതിക്ക് അറിയിപ്പുകള്‍ ലഭിച്ചുവന്നിരുന്നു. അങ്ങനെയാണ് 2021 ല്‍ വെര്‍മണ്ടിലുള്ള ഒരാളുടെ മാക്ക് ബുക്കില്‍ ഈ ചിത്രങ്ങള്‍ ഉണ്ടെന്നും ഈ ചിത്രങ്ങള്‍ ആപ്പിളിന്റെ ഐക്ലൗഡിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയത്. കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ കണ്ടെത്താനുള്ള ഒരു ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ച് ഒരുമാസത്തിന് ശേഷമാണ് ഈ അറിയിപ്പ് ലഭിച്ചത്. എന്നാല്‍ സൈബര്‍ സുരക്ഷാ വിദഗ്ദരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് അപ്പോഴേക്കും ആ ഫീച്ചര്‍ ആപ്പിള്‍ ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ നേരെ തിരിച്ചുള്ള ആരോപണമാണ് യുവതി ഉയര്‍ത്തിയത്. തന്നെ പോലുള്ള ഇരകള്‍ക്ക് നല്‍കിയ വാഗ്ദാനം ആപ്പിള്‍ ലംഘിച്ചുവെന്ന് യുവതി തന്റെ പരാതിയില്‍ ആരോപിക്കുന്നത്. തനിക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ നീക്കുന്നതിന് പകരം അവ പ്രചരിപ്പിക്കുന്നതിന് ആപ്പിള്‍ അനുവദിച്ചു. തന്നെ കൂടാതെ ഇരകളായ 2680-ഓളം പേര്‍ക്ക് കേസിന്റെ ഭാഗമായി നഷ്ടപരിഹാരം നല്‍കണമെന്നും യുവതി കോടതിയിൽ പറഞ്ഞു. എന്നാൽ സുരക്ഷാ ടൂളുകള്‍ക്ക് പരിമിതിയുണ്ടെന്നാണ്
ആപ്പിൾ വക്താക്കൾ അറിയിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: