Headlines

ഭർത്താവിൻ്റെ കടം തീർക്കാൻ നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ

ബെംഗളൂരു: നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ. ബെംഗളൂരുവിലെ രാമനഗര സ്വദേശിനിയായ യുവതിയാണ് 30 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ യുവതിയും അറസ്റ്റിലായി. വിൽക്കാൻ സഹായിച്ച രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി. ഭർത്താവിന്റെ കടം തീർക്കാനായാണ് കുഞ്ഞിനെ വിറ്റതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ നൽകുകയായിരുന്നു.

വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെംഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: