തേനി: തമിഴ്നാട് തേനി ജില്ലയിലെ ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തോട്ടത്തിൽ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ഭർത്താവിനൊപ്പം വനാതിർത്തിയിലൂടെ പോകുകയായിരുന്ന സരസ്വതിയെ വനത്തിൽ നിന്നുമെത്തിയ കാട്ടാനയാണ് ആക്രമിച്ചത്. തേനി ജില്ലയിലെ ലോവർ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ലോവർ ക്യാമ്പിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു ഇവർ.
ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സരസ്വതിയെ ഉടനെ ഗൂഡല്ലൂരിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രദേശത്ത് കാട്ടാനയുടെ ആക്രമണം പതിവാണെന്ന് പല തവണ പരാതി ഉയർന്നിരുന്നു. എന്നാൽ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിലും തൊഴിലാളികൾ ആരോപിച്ചു.
