സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

കൊല്ലം: സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. കൊല്ലം കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.

എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്‌ ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബസിൽത്തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മുഹമ്മദ് നിഹാൽ വഴിക്കുവെച്ച്‌ മരിച്ചു. ശ്രുതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തികുളങ്ങര പോലീസ് കേസെടുത്തു.

എറണാകുളത്തെ അക്വറേറ്റ് എൻജിനിയേഴ്‌സിലെ ഡിസൈനർ ആണ് മുഹമ്മദ് നിഹാൽ. പിതാവ്: അബ്ദുൾ ജമാൽ. മാതാവ്: സാജിദ. സഹോദരങ്ങൾ: മുഫൈൽ, മുഫ്‌ളിഹ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് ശ്രുതി. അമ്മ: സ്റ്റാനിസ്. സഹോദരൻ: സൗരവ്. സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. ശ്രുതിയുടെ സംസ്കാരം ബുധനാഴ്ച 11-ന് ചെറുകരയിലെ വീട്ടുവളപ്പിൽ നടക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: