Headlines

പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ

ലഖ്‌നൗ: പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. രാമു റാവത്ത് എന്ന നാൽപ്പത്തിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ മകൻ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ധർമ്മേഷിന്റെ കാമുകിയാണ് സംഗീത. സ്വത്ത് തർക്കത്തെ തുടർന്നാണ് യുവാവും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം കത്തിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ രാമുവിന്റെ മകൾ ജൂലി പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവൽ നിൽക്കാൻ പോയതായിരുന്നു എന്നും മകൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ധർമ്മേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ധർമ്മേഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. തനിക്ക് അവകാശപ്പെട്ട 2.5 ബിഘ (1.549 ഏക്കർ) കൃഷിഭൂമി പിതാവ് തരില്ല എന്ന സംശയത്തെ തുടർന്നാണ് കാമുകി സംഗീതയുമായി ചേർന്ന് ധർമ്മേഷ് ക്രൂരകൃത്യം നടത്തിയത്.

ഭൂമിയും മറ്റ് സ്വത്തുക്കളും ലഭിക്കാനായി സംഗീത രാമുവിനെ വശീകരിച്ച് ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് പറയുന്നു. തുടർന്ന് കൃഷിസ്ഥലത്ത് കാവൽ നിൽക്കാൻ പോയ രാമുവിനോട്, അവിടെയെത്തിയ ധർമ്മേഷും സംഗീതയും ഇക്കാര്യം ഉന്നയിച്ചു. സ്വത്ത് നൽകാൻ കഴിയില്ലെന്ന് രാമു പറഞ്ഞതോടെ വാക്കുതർക്കം ആരംഭിച്ചു. ഇതിനിടെ പിതാവിനെ ധർമ്മേഷ് കുഴൽക്കിണറിലേക്ക് തള്ളിയിടുകയും മുകളിൽ വൈക്കോൽ ഇട്ട് ജീവനോടെ കത്തിക്കുകയുമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: