അംഗീകാരമില്ലാത്ത കോഴ്സ് നടത്തി; ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വൻ തുക ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തിയെന്ന പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. പല വിദ്യാർത്ഥികളിൽ നിന്നായി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനം ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ് നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ് നടത്തുന്നത്. മൂന്നുവർഷത്തെ കോഴ്സിൽ 64 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇൻ്റേൺഷിപ്പിനായി വിദ്യാർഥികൾ ആശുപത്രികളിൽ ചെന്നപ്പോഴാണ് കോഴ്സുകൾക്ക് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫീസും എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾ തിരികെ ആവശ്യപ്പെട്ടെങ്കിലും മാനേജർ തയ്യാറായില്ല.

തട്ടിപ്പുമായി ബന്ധപ്പെട്ട് പാളയത്തെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ഒഫീസിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകി.

പൊലീസ് എറണാകുളത്ത് നടത്തിയ പരിശോധനയിൽ ഏതാനും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. ഫീസും സർട്ടിഫിക്കറ്റുകളും തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് വിദ്യാർത്ഥികൾ. കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: