കൊല്ലം: ഭാര്യയെ കാമുകിയുടെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം കുമ്മിളിലാണ് സംഭവം. ചിതറ ചല്ലിമുക്ക് സ്വദേശി ഷൈനി ഭവനിൽ ജോഷി എന്നറിയപ്പെടുന്ന 37 കാരനായ സതീഷിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി 27 ന് ഭാര്യയെ രണ്ടാം പ്രതിയായ കാമുകി സുജിത തന്റെ വീട്ടിൽ വിളിച്ചു വരുത്തി സതീഷുമായി ചേർന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.
സതീഷ് തന്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്നു പറഞ്ഞാണ് സതീഷിന്റെ ഭാര്യയെ സുജിത വിളിച്ചു വരുത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ അവർ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. മാർച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.
ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. തുടർന്ന് കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കടയ്ക്കൽ സ്റ്റേഷനിൽ നാലു കേസും ചിതറ സ്റ്റേഷനിൽ രണ്ടു കേസും പാങ്ങോട് സ്റ്റേഷനിൽ ഒരു കേസും വലിയമല സ്റ്റേഷനിൽ ഒരു കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്. പോക്സോ കേസ് ഉൾപ്പെടെ സ്ത്രീപീഡന കേസുകളാണ് കൂടുതലും.
2018ൽ പോക്സോ കേസിൽ ജയിലിലായ ഇയാൾ പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം കേസിൽ നിന്ന് രക്ഷപെടാൻ ഈ പെൺകുട്ടിയെത്തന്നെ വിവാഹം കഴിക്കുകയായിരുന്നു. കേസ് അവസാനിച്ചപ്പോൾ ഇയാൾ രണ്ടാം പ്രതിയായ കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു

