രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി.

ഭോപ്പാൽ: രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി. മധ്യപ്രദേശിലെ കത്നി സ്വദേശിനി അർച്ചന തിവാരിയെയാണ് കണ്ടെത്തിയത്. ജുഡീഷ്യൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന ഇരുപത്തൊൻപതുകാരിയെ ഓഗസ്റ്റ് ഏഴിനാണ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായത്. സഹോദരിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചുവെന്ന് അർച്ചനയുടെ സഹോദരൻ ദിവ്യാൻഷു മിശ്ര വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പൊലീസ് തന്നെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർച്ചനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ വീട്ടുകാർ റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കവേയാണ് അർച്ചനയെ കണ്ടെത്തിയത്. അർച്ചന അമ്മയോട് സംസാരിച്ചു. അർച്ചനയെ കൂട്ടികൊണ്ടുവരാനായി പ്രദേശത്തേക്ക് റെയിൽവേ പൊലീസ് സംഘം യാത്രതിരിച്ചിട്ടുണ്ട്.

ജുഡീഷ്യൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു യുവതി. ഇതിനായി ഇൻഡോറിലാണ് അർച്ചന താമസിച്ചിരുന്നത്. ഇൻഡോറിൽ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ കാണാതായത്. ഓ​ഗസ്റ്റ് ഏഴിന് ഇൻഡോർ – ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിലാണ് അർച്ചന കയറിയത്. ട്രെയിനിൽ ബി3 കോച്ചിലെ യാത്രക്കാരിയായിരുന്നു യുവതി. എന്നാൽ, സ്വദേശമായ കത്നി റെയിൽവെ സ്റ്റേഷനിൽ അർച്ചന ഇറങ്ങിയില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

മകൾ പുറത്തിറങ്ങാത്തത് കണ്ട് സംശയം തോന്നിയ ബന്ധുക്കൾ ട്രെയിനിൻ്റെ അടുത്ത സ്റ്റോപ്പായ ഉമരിയയിലുള്ള ബന്ധുക്കളോട് ട്രെയിനിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. ഇവിടെ വച്ച് പരിശോധന നടത്തിയിട്ടും യുവതിയെ കണ്ടെത്താനായില്ല. പിന്നീലെ റെയിൽവെ പൊലീസിനെ വിവരമറിയിച്ചു. ട്രെയിൻ ഭോപ്പാൽ വിട്ട സമയത്ത് മകളോട് സംസാരിച്ചതാണെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

തുടർന്ന് ഉമരിയ റെയിൽവേ സ്റ്റേഷനിൽ അർച്ചനയുടെ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. മൊബൈൽ സിഗ്നലിന്റെ അവസാന ലൊക്കേഷൻ റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു. അർച്ചനയെ അവസാനമായി കണ്ട പ്രദേശത്തുള്ള വനമേഖലകളിലടക്കം ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അർച്ചനയുടെ ഫോണിലെ കോൾവിവരങ്ങൾ, സാമൂഹികമാധ്യമം എന്നിവയും പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അതേസമയം, കാണാതായ സമയത്ത് അർച്ചന ഗ്വാളിയാറിലുള്ള ഒരാളുമായി ബന്ധം പുലർത്തിയിരുന്നതായാണ് സൂചന. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: