തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ കെ.കെ. രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വ്യാജരേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് തന്നെ കൈവശം വയ്ക്കണം. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയില്‍ നിലവിലുള്ള പുലിമുട്ടില്‍ അപാകതയുണ്ടെന്ന് വിദഗ്ധസംഘം കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിലെ അപകടത്തിന് കാരണം പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയയാണെന്നാണ് സിഡബ്ല്യുപിആര്‍എസിന്റെ മാതൃക പഠന റിപ്പോര്‍ട്ട് പറയുന്നതായി മന്ത്രി പറഞ്ഞു.
