കോഴിക്കോട്: സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരിഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്.
നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരിഗണിച്ചില്ല.
34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു.
അബ്ദുൽ റഹീം തന്റെ 26ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുൽ റഹ്മാന് അല് ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
