Headlines

അബ്രാം ഖുറേഷി ഇൻ ആക്ഷൻ: സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി



     

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക.

ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ മീഡിയയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് എമ്പുരാന്റെ ടീസറിന് ആരാധകര്‍ നല്‍കിയത്. സുബാസ്കരന്റെ ലെയ്ക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണ്, 2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍.

എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.

ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. ടൊവിനോയുടെ ജന്മദിനമായ ജനുവരി 21-നാണ് ‘പവര്‍…ഇസ് ആന്‍ ഇല്യൂഷന്‍!’ (അധികാരമെന്നതൊരു മിഥ്യയാണ്) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചിത്രത്തില്‍ മുഴുനീള വേഷമാണ് ടൊവിനോയ്ക്ക് എന്നാണ് വിവരം.

കഴിഞ്ഞവര്‍ഷം മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നാണ് എമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ എബ്രാം ഖുറേഷിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള അബ്രാം ഖുറേഷിയ്ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: