കൊച്ചി: അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് അനുസരിച്ച് കൃത്രിമ ഗർഭധാരണ ചികിത്സക്ക് നിയമാനുസൃതമായ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം പുരുഷന് 55 വയസും സ്ത്രീക്ക് സ്ത്രീക്ക് 50 വയസുമാണ് പ്രായ പരിധി. എന്നാൽ ഭർത്താവിന് നിശ്ചിത പ്രായ പരിധി കഴിഞ്ഞതിന്റെ പേരിൽ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. അങ്ങനെ ചെയ്താൽ അത് വിവേചനമാണെന്നും കോടതി ചൂണ്ടക്കാട്ടി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം കണക്കാക്കേണ്ടതില്ലെന്നും ഇവരിൽ ഒരാളുടെ പ്രായ പരിധിയുടെ പേരിൽ പങ്കാളിക്ക് ചികിത്സ നൽകാതിരിക്കുന്നത് വിവേചനമാണെന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതോടെ മലപ്പുറം സ്വദേശിയായ 46കാരിക്ക് ദാതാവിന്റെ ബീജകോശങ്ങൾ ഉപയോഗിച്ച് ഗർഭധാരണ ചികിത്സ തുടരാൻ കോടതി ഉത്തരവ് നൽകി.
ഹർജിക്കാരിയുടെ ഭർത്താവിന് 57 വയസ്സുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചത്. എന്നാൽ പ്രായനിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് കോടതി വ്യക്തമാക്കി. വിവാഹബന്ധം നിലവിലില്ലാത്തയാൾക്കും ചികിത്സ തേടാം. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള ഹർജിക്കാരിക്ക് ചികിത്സ നിഷേധിച്ചത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു . കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ അത്തരം ആളുകൾ അനുഭവിക്കുന്ന വേദനയിലൂടെ കടന്ന് പോകാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
