നടന വിസ്മയം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇന്ന് ജിവിതത്തിന്റെ 64-ാം പടികയറുന്നു. പിറന്നാൾ ആശംസകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ
സ്വാഭാവികമായ നടന ശൈലിയിലൂടെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനവൈഭവം. രണ്ടു തവണ മികച്ച നടനുള്ളതടക്കം 5 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മലയാളത്തിന്റെ ലാലേട്ടൻ.
നിരവധി സിനിമകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ച.. 4 പതിറ്റാണ്ടിൽ ഏറെയായി എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന
മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് 64-ാം പിറന്നാൾ. ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, അവിടെയുള്ള ആളുകൾക്കും രോമാഞ്ചം ഉണർത്തുന്ന മുഹൂർത്തങ്ങൾ മോഹന്‍ലാല്‍ വെള്ളിത്തിരയിൽ സമ്മാനിച്ചു. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരിൽ പ്രമുഖ നിരയിലാണ് മോഹൻലാലിന്റെ സ്ഥാനം. മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. ചമ്മിയ ചിരിയും ഒരുവശം ചരിച്ച തോളുമായി ലാല്‍ മലയാളിയുടെ മനസ്സില്‍ ചേക്കേറിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി. പലരും ചെയ്യാന്‍ കൊതിക്കുന്ന കുസൃതികള്‍ ലാല്‍ വെള്ളിത്തിരയില്‍ ചെയ്യുമ്പോള്‍ അവ സ്വകീയാനുഭവമായി സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന ഒരു നിത്യവസന്തമായി ഇപ്പോഴും ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ് നമ്മില്‍.
1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. മുടവന്‍മുഗള്‍ സ്കൂള്‍, മോഡല്‍ സ്കൂള്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരം എം.ജി കോളേജില്‍ നിന്നു ബികോം ബിരുദം നേടി. സ്കൂള്‍ പഠനകാലത്ത്‌ മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ ലാല്‍ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്. സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത്‌ സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ 3ന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും മലയാളിയുടെ ഭാഗ്യമായി ലാല്‍ ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലന്‍കഥാപാത്രമായി ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിൽ തുടങ്ങി രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ്, ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ, നാടോടിക്കാറ്റിലെ ദാസൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, ചിത്രത്തിലെ വിഷ്ണു, ദശരഥത്തിലെ രാജീവ് മേനോൻ, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപി, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, താഴ്വാരത്തിലെ ബാലൻ, ഉത്സവപ്പിറ്റേന്നിലെ അനിയൻ തമ്പുരാൻ, ഇരുവരിലെ ആനന്ദ്, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശൻ നായർ, പരദേശിയിലെ വലിയകത്തു മൂസ, ഭ്രമരത്തിലെ ശിവൻ കുട്ടി തുടങ്ങി എഴുതിയാൽ തീരാത്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്നു.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള സിനിമകളിലെയും അഭിനയത്തിനു പുറമേ നിരവധി ചിത്രങ്ങളിൽ പിന്നണി ഗായകനായും തിളങ്ങിയ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി. സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. 2 തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും 9 തവണ സംസ്ഥാന അവാര്‍ഡും ലാല്‍ കരസ്ഥമാക്കി. ഇവയ്ക്കൊപ്പം എണ്ണത്തില്‍ ഏറെയുള്ള മറ്റു പുരസ്കാരങ്ങളും എത്തിയപ്പോഴും ലാല്‍ അഭിനയത്തിനോടുള്ള അഭിനിവേശം കൈവെടിയുന്നില്ല.
ഒപ്പം ഉടൻ റിലീസാകുന്ന ബാറോസ് എന്ന 3D സിനിമയിലൂടെ സംവിധായകനാകുന്നു.
മലയാള സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടിരിക്കുകയാണ്. ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളുമായി വരാന്‍ വെമ്പുന്ന മോഹന്‍ലാലിന്,
ലാലേട്ടന് പിറന്നാൾ ആശംസകൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: