Headlines

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ ഇരട്ട നേട്ടവുമായി അഭിനേതാവും സംവിധായകനുമായ അനൂപ് കൃഷ്ണൻ

പുരസ്കാര നിറവിൽ സിനിമ, സീരിയൽ അഭിനേതാവും സംവിധായകനുമായ അനൂപ് കൃഷ്ണൻ. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ രണ്ട് അവാർഡുകളാണ് അനൂപിനെ തേടിയെത്തിയത്. മികച്ച നടനും സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപ് കൃഷ്ണനാണ്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനൂപ് കൃഷ്ണൻ. ബിഗ്ബോസ് സീസൺ 3യിലൂടെയും അനൂപ് ശ്രദ്ധിക്കപ്പെട്ടു. സീസൺ 3യിൽ അനൂപ് ടോപ് ഫൈവിൽ എത്തുകയും അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു.



സീരിയലുകള്‍ക്കും ടെലിവിഷൻ ഷോകൾക്കും പുറമേ, സിനിമകളിലും അനൂപ് വേഷമിട്ടിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് അവാർഡുകളാണ് അനൂപിനെ തേടിയെത്തിയത്. ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെയാണ് തെരഞ്ഞെടുത്തത്. ‘കണ്‍മഷി’ എന്ന ടെലിവിഷനാണ് താരത്തെ അവാർഡിനർഹനാക്കിയത്.

താൻ ശരിയായ പാത തന്നെയാണ് തിരഞ്ഞെടുത്തത് എന്ന് അടിവരയിടുന്നതാണ് ഈ അവാർഡുകളെന്ന് അനൂപ് കൃഷ്ണൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ”ഏതൊരു നടനും സ്വപ്നം കാണുന്നതാണ് ഇങ്ങനൊരു പുരസ്കാരം. ഞാൻ തന്നെ സംവിധാനം ചെയ്ത കൺമഷി എന്ന ടെലിഫിലിമിലൂടെയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇങ്ങനെയുള്ള ഓരോ അംഗീകാരങ്ങളും ഓരോ ഓർമപ്പെടുത്തലാണ്. ഞാൻ ശരിയായ പാത തന്നെയാണ് തെരഞ്ഞെടുത്തത് എന്ന ഓർമപ്പെടുത്തൽ’, അനൂപ് പറഞ്ഞു.

പ്രകൃതിയുടെ സന്ദേശവാഹരാകാനുള്ള ഒരവസരം എല്ലാവർക്കും ലഭിക്കുമെന്നും ഒരു തെയ്യം പോലും കാണാത്ത താനാണ് തെയ്യം പ്രമേയമാക്കിയുള്ള ഈ ടെലിഫിലം ഒരുക്കിയതെന്നും അനൂപ് അഭിമുഖത്തിൽ പറഞ്ഞു. ”ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുൻപ് തെയ്യം കലാകാരൻ ശിവദാസിനെ കണ്ടിരുന്നു. പക്ഷേ, ആ റോൾ എങ്ങനെ പെർഫോം ചെയ്യും എന്ന് ഉറപ്പില്ലായിരുന്നു. ഇത് എന്റെ അനു അല്ല, മറ്റാരോ ആണ് എന്നാണ് സഹോദരന്റെ ഭാര്യ ടെലിഫിലിം കണ്ടതിനു ശേഷം പറഞ്ഞത്. ചിലപ്പോൾ ഈ റോൾ ചെയ്യാൻ വിധിക്കപ്പെട്ടത് ഞാനായിരിക്കാം”, അനൂപ് പറഞ്ഞു.

അടുത്തിടെ, നടൻ ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയിലും അനൂപ് അഭിനയിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച അംഗീകാരത്തിനു പിന്നാലെ കൂടുതൽ അവസരങ്ങൾ തന്നെത്തേടിയെന്നും എന്നാണ് പ്രതീക്ഷയെന്നും അനൂപ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: