കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. കസബ പൊലീസിന് മുമ്പാകെയാണ് നടൻ ഹാജരായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആറ് മാസത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്നു നടൻ. മുൻകൂർ ജാമ്യ ഹര്‍ജിയിൽ നടപടി ഉണ്ടാകും വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നടൻ അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്നാണ് നടൻ കസബ പോലീസ് സ്റ്റേഷനിൽ ഹാജരായത്.
പോക്‌സോ നിയമങ്ങൾ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച കോടതി ഫെബ്രുവരി 28ലേക്കു ഹർജി പരിഗണിക്കാൻ മാറ്റി.
നാലു വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ മൂന്ന് തവണ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ വെച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് പോക്സോ കേസെടുത്തത്. ഒളിവിലായിരുന്ന നടനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
